
ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗ നേതൃത്വത്തിനെതിരെ സി.പി.എം. വിമർശനം. ബി.ഡി.ജെ.എസ്. ഉൾപ്പെടെയുള്ള വഴികളിലൂടെ അന്യമതവിദ്വേഷം വളർത്തുകയും അതുവഴി ആർ.എസ്.എസിന്റെ സ്വാധീനം വ്യാപിപ്പിക്കുന്നതിന് എസ്.എൻ.ഡി.പി. യോഗ നേതൃത്വം കൂട്ടുനിന്നുവെന്ന വിമർശനമാണ് സി.പി.എം. സംസ്ഥാന സമിതിയുടെ തിരുത്തൽരേഖയിലുള്ളത്. ആലപ്പുഴയിൽ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പി.ബി. അംഗം പിണറായി വിജയനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
വെള്ളാപ്പള്ളി നടേശന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് എസ്.എൻ.ഡി.പി. നേതൃത്വത്തിനെതിരെ റിപ്പോർട്ടിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. എസ്.എൻ.ഡി.പി.യിലെ ഭൂരിപക്ഷം അംഗങ്ങളും മതേതര നിലപാടും ഇടതുപക്ഷ മനസ്സും പുലർത്തുന്നവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എൻ.എസ്.എസിലെ സാഹചര്യം ഇതിൽനിന്ന് വ്യത്യസ്തമാണെന്നാണ് സി.പി.എം. വിലയിരുത്തൽ. നേതൃത്വതലത്തിൽ വർഗീയശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും സംഘടനയുടെ താഴെത്തട്ടിൽ കാവിവത്കരണം ശക്തമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രധാന കെ.പി.എം.എസ്. വിഭാഗം ഉൾപ്പെടെയുള്ള പിന്നാക്ക സമുദായ സംഘടനകൾ പൊതുവെ മതേതര നിലപാട് ശക്തമായി പിന്തുടരുന്നുണ്ട്. എന്നാൽ, ചില ഒറ്റപ്പെട്ട സംഘടനകൾ ആർ.എസ്.എസ്. പ്രീണനത്തിന്റെ ഭാഗമാകുന്ന സാഹചര്യമുണ്ടെന്നും സി.പി.എം. ചൂണ്ടിക്കാട്ടി.
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്കും വിഭാഗീയതയ്ക്കും പ്രധാന കാരണം അധികാരമോഹവും പാർലമെന്ററി വ്യാമോഹവുമാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. ആലപ്പുഴ ഉൾപ്പെടെയുള്ള ചില മേഖലകളിൽ പാർട്ടി വിട്ട് എതിർപാളയത്തിന്റെ സ്ഥാനാർഥികളായി മത്സരിക്കാൻ ചിലർ തയ്യാറായതും ഇതിന്റെ ഭാഗമായാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.










